Big News Live | അനിതാനായര്‍ ഇപ്പോള്‍ കഥയെഴുതിപ്പിക്കുകയാണ്

Anita-Nair-Creative-Writing-Mentorship-Program-Anitas-Attic

Story Dated : April 9, 2015
കെ ബാല ചന്ദ്രന്‍

ബംഗളൂരു: ജീവിതവൃത്തി എന്തായാലും വാക്കുകളുടെ മോഹവലയത്തില്‍ വീണ് സര്‍ഗ സാഹിത്യ രചന ഹൃദയ താളമാക്കിയവര്‍ക്ക്, സ്വന്തം രചനാ തന്ത്രങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍ സഹായവുമായി പ്രശസ്ത നോവലിസ്റ്റ് അനിതാ നായരുടെ ‘സാഹിത്യപ്പണിപ്പുര’. ‘അനിതാസ് അറ്റിക് ‘(അനിതയുടെ മച്ചിന്‍ പുറം) എന്നപേരില്‍ കഴിഞ്ഞ പന്ത്രണ്ടു ശനിയാഴ്ച്ചകളില്‍ നടന്നുവന്ന ശില്പശാല വരുന്ന ശനിയാഴ്ച (ഏപ്രില്‍11)’ രംഗോളി മെട്രോ ആര്‍ട്ട് സെന്ററിലെ ‘രംഗസ്ഥല’ത്ത് സമാപിക്കും.

എഴുത്ത് തൊഴിലാക്കിയവര്‍ക്ക് പുറമേ, മാധ്യമപ്രവര്‍ത്തകര്‍, എഞ്ചിനിയര്‍മാര്‍, മൃഗ ഡോക്ടര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ പലതുറകളിലുമുള്ളവര്‍ അനിതയെന്ന തഴക്കം വന്ന എഴുത്തുകാരിയുടെ സജീവ ഇടപെടലില്‍ രചനയുടെ കാണാപ്പുറങ്ങള്‍ കണ്ടറിയാന്‍ എത്തി. പണിപ്പുരയിലെ പരിശീലനാര്‍ത്ഥികള്‍ സ്വന്തം രചനകള്‍ വായിച്ചവതരിപ്പിക്കുന്നതോടെ അവരുടെ അരങ്ങേറ്റം നടക്കും.

കഥപറച്ചില്‍ ഭാരതീയരുടെ മികവുകളില്‍ ഒന്നാണെങ്കിലും, ‘സര്‍ഗ രചന’ നമ്മുടെ സര്‍വകലാശാലകളില്‍ ഒരു മികവുറ്റ പഠന വിഷയമായി ഉരുത്തിരിഞ്ഞു വന്നിട്ടില്ല. എന്നാല്‍ പാശ്ചാത്യ സര്‍വകലാശാലകള്‍ കഥ, കവിത, തുടങ്ങി സര്‍ഗ സാഹിത്യത്തില്‍ എംഎഫ്എ (മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്ട്‌സ്)ബിരുദം നല്‍കുന്നുണ്ട്. ഈ വിടവ് നികത്താനുള്ള ആദ്യ ചുവടുവെപ്പാണ് ‘സാഹിത്യ ശില്പ ശാല’ എന്ന് കരുതാം.

തകഴിയുടെ ‘ചെമ്മീന്‍’ വിവര്‍ത്തനത്തിലൂടെ തന്റെ മലയാളി വ്യക്തിത്വം പ്രകടമാക്കിയ അനിതാനായര്‍, ഇംഗ്ലിഷില്‍ നോവല്‍, കഥ, കവിത, വിവരണാത്മക ഗദ്യം, ഉപന്യാസം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ്. വിവിധ പ്രായത്തിലും, ജീവിത മേഖലകളിലുമുള്ള സര്‍ഗ പ്രണയികളെ വഴികാട്ടാന്‍ ഇതിലും മികച്ച ഒരു പ്രതിഭയെ കിട്ടാനുണ്ടോ?

‘വളരെക്കാലമായി എഴുത്തുകാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും, കൈയെഴുത്ത് പ്രതികള്‍ പരിശോധിക്കാനും എന്റെ വെബ് സൈറ്റില്‍ ഒട്ടേറെ അഭ്യര്‍ത്ഥനകള്‍ ലഭിക്കാറുണ്ട്. എല്ലാവര്‍ക്കും മറുപടിയയക്കുക അസാധ്യം. ഫേസ്ബുക്കില്‍ ഈ പരിപാടിയെക്കുറിച്ച് വിവരം നല്‍കി. നൂറോളം പേര്‍ താല്പര്യം കാട്ടിയതില്‍ നിന്ന് പതിനൊന്നുപേരെ തിരഞ്ഞെടുത്തു അവരയച്ച രചനാ മാതൃകകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുത്തത്. ‘അനിത നായര്‍ പറയുന്നു. പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ളവരും, 12 ശനിയാഴ്ച നീക്കി വയ്ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുമാണ് അവസരം നല്കിയത്. എഴുത്തുകാരുടെ മികവ് എന്തിലാണെന്ന് കണ്ടറിഞ്ഞു അത്തരം ഒരു ‘സര്‍ഗ പദ്ധതി’ അവരെക്കൊണ്ടു ചെയ്യിക്കുകയായിരുന്നു. വേണ്ട ഉപദേശവും, നിര്‍ദ്ദേശവും നല്‍കി.

ആഴ്ചതോറും സമര്‍പ്പിക്കുന്ന രചനകള്‍ വിമര്‍ശനബുദ്ധ്യാ പരിശോധിച്ചു, അപഗ്രഥനം നടത്തും. എഴുത്തുകാര്‍, പ്രസാധകര്‍, ടിജിട്ടല്‍ ടീം, എഡിറ്റര്‍ എന്നിങ്ങനെ പല തലങ്ങളിലുള്ളവര്‍ രചയിതാക്കളുമായി ആശയ വിനിമയം നടത്തി. ശില്‍പ്പശാല കഴിഞ്ഞാല്‍ പ്രസിദ്ധീകരണത്തിന് പ്രതികള്‍ അയക്കാന്‍ കഴിയുന്ന വിധമാണ് പരിശീലനം സംഘടിപ്പിച്ചിരുന്നത്. ഓരോ പരിശീലനാര്‍ത്ഥിക്കും പ്രത്യേക ആവശ്യമാണുള്ളത്, അത് നല്‍കുകയെന്നത് എളുപ്പമായിരുന്നില്ലെന്ന് അനിത നായര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ 12 ആഴ്ചകൊണ്ട് അവരില്‍ വന്ന നാടകീയമായ സര്‍ഗ പരിവര്‍ത്തനം നല്‍കിയ സന്തോഷം നിസ്സീമമായിരുന്നു വെന്ന് അനിതാനായര്‍.

താന്‍ രചനക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനും അനിത ഒരു പ്രസാധക സ്ഥാപനവുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ആദ്യ ശില്പശാലയില്‍ പങ്കെടുത്തവരുടെ കൃതികള്‍ ഒരു സമാഹാരത്തില്‍ ഉള്‍പ്പെടുത്തും. അടുത്ത ‘അനിതാസ് അറ്റിക് ‘ ശില്‍പ്പശാല അടുത്ത സെപ്‌തെംബറില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.anitanair.net , anitasattic.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Join the Conversation

No comments yet.