മനോരമ ലേഖകൻ SEPTEMBER 15, 2018 12:51 AM IST
ബെംഗളൂരു∙ നർമഭാഷയിലൂടെ ഏതു ഭിന്നാഭിപ്രായവും സമൂഹത്തിന്റെ ചിന്തകളിലേക്ക് ആഴത്തിൽ പതിപ്പിക്കാനാകുമെന്നു കോമിക് രചയിതാവും വിഷ്വൽ ആർട്ടിസ്റ്റും സംഗീതകാരനുമായ അപ്പൂപ്പൻ (ജോർജ് മാത്തൻ). ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക രചനാ പഠനകേന്ദ്രമായ അനിതാസ് അറ്റിക്കിന്റെ ബിരുദദാന ചടങ്ങിൽ ‘ഭിന്നാഭിപ്രായങ്ങളുടെ മായാജാലം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു കലാകൂട്ടായ്മയായ ബ്രെയിൻഡെഡ് ഇന്ത്യയുടെ സ്ഥാപക എഡിറ്റർ കൂടിയായ അപ്പൂപ്പൻ.
സമൂഹത്തിൽ, ഭൂരിപക്ഷങ്ങളുടെ അഭിപ്രായങ്ങൾ അടിച്ചേൽപിക്കുന്നതിനെ ചോദ്യം ചെയ്യാൻ വേറിട്ട ഇത്തരം ശബ്ദങ്ങൾക്കാകും. സമൂഹത്തെ നേർവഴിക്കു തിരിച്ചുവിടാൻ ഇത് അനിവാര്യമാണെന്നും കോട്ടയം പള്ളം സ്വദേശി കൂടിയായ അദ്ദേഹം പറഞ്ഞു. മേരി റോയിയുടെ ‘പള്ളിക്കൂടം’ സ്കൂളിൽ നിന്നു പകർന്നുകിട്ടിയ, വേറിട്ട അഭിപ്രായ പ്രകടന വാസനയാണു ഗ്രാഫിക് നോവലുകളായ മൂൺവാർഡ്, ലജൻഡ്സ് ഓഫ് ഹലഹല, ആസ്പൈറസ്, ദ് സ്നേക് ആൻഡ് ദ ലോട്ടസ് എന്നിവയിലൂടെയും രാഷ്ട്രമാൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെയും രാഷ്ട്രീയഹാസ്യമായ ഡിസ്റ്റോപ്യൻ ടൈംസിലൂടെയും തുടർന്നുപോരുന്നത്.
അനിതാസ് അറ്റിക്കിന്റെ ആറാമത്തെ ബാച്ചിൽ പഠിച്ചിറങ്ങിയ 12 പേർക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. തുടർന്നു 12 പേരും ചേർന്നെഴുതിയ കഥയുടെ വായന നടന്നു. നവതലമുറ എഴുത്തുകാർക്കിടയിലെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനായി നടന്നുവരുന്ന കോഴ്സ് ഡിജിറ്റൽ പാർട്ണറായ കണ്ടീഷൻസ് അപ്ലൈയുമായി സഹകരിച്ചാണു സംഘടിപ്പിച്ചുവരുന്നത്.
Join the Conversation
No comments yet.